മരിച്ചു പോയ അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍ ഒരു വര്‍ഷം പെന്‍ഷന്‍ വാങ്ങി
ഓസ്ട്രിയയിലാണ് സംഭവം. അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍ ഒരു വര്‍ഷത്തോളം പെന്‍ഷന്‍ വാങ്ങി. സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതി പ്രകാരം 43 ലക്ഷത്തില്‍പരം രൂപയാണ് 66 കാരനായ മകന്‍ അടിച്ചുമാറ്റിയത്. അമ്മയുടെ മൃതദേഹം ബാന്‍ഡേജ് കെട്ടി നിലവറയില്‍ ശീതീകരിച്ച് സൂക്ഷിക്കുകയും മരണവിവരം രഹസ്യമാക്കി വെക്കുകയുമായിരുന്നു. അമ്മക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം തുടര്‍ന്നും നേടാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 89 കാരിയായ അമ്മയുടെ മൃതദേഹം ഓസ്ട്രിയയുടെ ടൈറോള്‍ പ്രദേശത്തെ ഇന്നസ്ബ്രകിനടുത്തുള്ള ഒരു വീട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്വാഭാവിക മരണം സംഭവിച്ചതായാണ് കരുതുന്നത്.
മുതിര്‍ന്ന സഹോദരന്‍ വീട്ടില്‍ വന്നതോടെയാണ് കള്ളി പൊളിയാന്‍ തുടങ്ങിയത്. അമ്മ ഹോസ്പിറ്റലിലാണെന്നായിരുന്നു ഇയാള്‍ സഹോദരനോട് പറഞ്ഞിരുന്നത്. കൂടാതെ ആനുകൂല്യം കൈമാറാന്‍ പുതുതായി വന്ന പോസ്റ്റ്മാന്‍ അമ്മയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇയാള്‍ ആവശ്യം നിരസിക്കുകയായിരുന്നു. പോസ്റ്റ്മാന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സാധാരണമരണം സംഭവിച്ചതായി വ്യക്തമാക്കുന്നതിനാല്‍ മകന്റെ പേരില്‍ മൃതദേഹം ഒളിപ്പിച്ചതിനും വഞ്ചിച്ച് ആനുകൂല്യം കൈപറ്റിയതിനും മാത്രമേ കേസുള്ളൂ. ദുര്‍ഗന്ധമോ തിരിച്ചറിയപ്പെടുന്ന മറ്റു കാര്യങ്ങളോ ഇല്ലാതെയാണ് ഇയാള്‍ മൃതദേഹം സൂക്ഷിച്ചതെന്ന് പൊലീസ് മേധാവി ഹെല്‍മുട് ഗഫ്ളര്‍ പറഞ്ഞു.