എടാ, എടീ, വിളി ; പൊലീസുകാര്‍ക്ക് അച്ചടക്ക നടപടി ; ഡിജിപിയുടെ സര്‍ക്കുലര്‍ നിലവില്‍ വന്നു

പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.

പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനമധ്യത്തില്‍ സേനയുടെ സല്‍പ്പേരിന് അവമതിപ്പും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡി ജി പി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ വ്യാപാരി ജെ എസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ‘എടാ, എടീ’ വിളികള്‍ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കിയത്.

‘എടാ, എടീ, നീ എന്നൊക്കെ പൊലീസ് സേനാംഗങ്ങള്‍ സ്ഥിരമായി വിളിക്കാറുണ്ട്. കൊളോണിയല്‍ കാലത്തെ കീഴടക്കല്‍ തന്ത്രങ്ങളുടെ അവശേഷിപ്പാണിത്. 21 ാം നൂറ്റാണ്ടില്‍ ഇത്തരം പെരുമാറ്റത്തിന് പ്രസക്തിയില്ല. പൊതുജന സുരക്ഷ മുന്‍നിറുത്തി കോവിഡ് നിയന്ത്രണം നടപ്പാക്കുമ്പോള്‍ പോലും ഇത്തരം പെരുമാറ്റമുണ്ടായെന്ന് പരാതികളുണ്ട്. പരാതികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുന്നതിനാല്‍ പലപ്പോഴും തെളിയിക്കാന്‍ കഴിയില്ല. പൊതുജനത്തിനെതിരെ പൊലീസ് മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മനഃസാക്ഷിക്കും ജനാധിപത്യത്തിനുമെതിരാണിത്’… എന്നാണ് വിഷയത്തില്‍ കോടതി പറഞ്ഞത്. ബാബു സിദ്ദിഖ് കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പൊലീസ് സേനയിലുള്ളവര്‍ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് 2018 നവംബര്‍ 30 ന് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. നടപടിയെ അഭിനന്ദിക്കുന്നെങ്കിലും മൂന്നു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് മോശമായി പെരുമാറിയെന്ന നിരവധി പരാതികള്‍ കോടതിയിലെത്തുന്നുണ്ട്. ചേര്‍പ്പ് എസ് ഐ തന്റെ കടയില്‍ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. സ്വീകരിച്ച നടപടി വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്.