വ്യാപക പരിശോധന ; കുവൈറ്റില്‍ 49 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്റ്റില്‍. പിടിയിലായ പ്രവാസികളില്‍ അധികപേരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് കൊണ്ടുവന്നിരുന്ന പല സാധനങ്ങളും ഉപയോഗയോഗ്യമല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

അറുപതിലധികം ഉദ്യോഗസ്ഥര്‍ ഒരേ സമയത്ത് എത്തി കര്‍ശന പരിശോധനയാണ് നടത്തിയത്. നിയമലംഘകരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവിടെവെച്ചുതന്നെ പിടികൂടുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റിലെ ചെക്‌പോയിന്റില്‍ വെച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 36 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് വാഹനങ്ങളില്‍ കണ്ടെത്തിയത്. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.