ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സ്ഥാനമേല്‍ക്കും. ഇന്ന് ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഗഡ്ലോദിയ മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്. വിജയ് രൂപാണിക്ക് പകരക്കാരന്‍ ആരെന്ന ചോദ്യം കേന്ദ്രനേതൃത്വം ഇന്നലെ തന്നെ എം.എല്‍.എ മാര്‍ക്ക് മുന്നില്‍ വച്ചിരുന്നു. സന്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ നേരിട്ട് അറിയിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഭൂരിഭാഗം പേരും ഭൂപേന്ദ്ര പട്ടേലിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതെന്നാണ് സൂചന.

ഇന്നലെയായിരുന്നു വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് വിജയ് രൂപാണി രാജിവച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേല്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍, കൃഷി മന്ത്രി ആര്‍സി ഫല്‍ദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍, പട്ടേല്‍ സമുദായത്തിന്റെ അതൃപ്തി ഒഴിവാക്കാന്‍ ഈ വിഭാഗത്തില്‍നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും സജീവമായിരുന്നു. ഇതു ഭൂപേന്ദ്രയുടെ നിയമനത്തില്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണു കരുതപ്പെടുന്നത്.