കരിപ്പുര്‍ അപകടം : അപകട കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കേരളത്തിനെ കണ്ണീരിലാഴ്ത്തിയ കരിപ്പുര്‍ വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിന്റെ വീഴ്ച്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങള്‍ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിര്‍ദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിര്‍ദിഷ്ട സ്ഥലത്തേക്കാള്‍ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റണ്‍വേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്.

സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിര്‍ദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കില്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കണം എന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. വിങ് ടാങ്കുകളില്‍ ഇന്ധന ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായത്. ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു.100 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ദുബായില്‍ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.