വര്‍ഗ്ഗീയ പരാമര്‍ശം ; പാലാ ബിഷപ്പിനെ തള്ളി കന്യാസ്ത്രീകള്‍
വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പാലാ ബിഷപ്പ് മുമ്പും വര്‍ഗീയ പരാമര്‍ശം നടത്തിയതായി കന്യാസ്ത്രീകള്‍ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. അന്നും തങ്ങള്‍ അതിനെ എതിര്‍ത്തുവെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവര്‍.
അതേസമയം നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി രംഗത്തെത്തി. ബിഷപ്പ് ഉയര്‍ത്തിയത് സാമൂഹിക തിന്മയ്ക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്താവനയില്‍ വ്യക്തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്തതെന്നും ജോസ് കെ മാണി. അതേസമയം പ്രസ്താവനയില്‍ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശമില്ല. ഇന്ന് ദീപിക പത്രത്തിലെ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ലേഖനത്തില്‍ ജോസ് കെ മാണി നിശബ്ദദ പാലിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ.മാണി രംഗത്ത് വന്നിരുന്നത്.