പാലാ ബിഷപ്പിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
നര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം രംഗത്തു. ലോകത്തിന്റെ നിലനില്‍പ്പിന് എതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാന്‍ ആവില്ല എന്ന് ചങ്ങനാശ്ശേരി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചു പോകുന്നതാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ആരോപിക്കുന്നു. ഇതിന് തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തെ സൂചിപ്പിച്ചാണ് ജോസഫ് പെരുന്തോട്ടം നിലപാട് ചൂണ്ടിക്കാട്ടുന്നത്.
2011 ല്‍ താലിബാന്‍ 400 മില്യന്‍ ഡോളര്‍ സമ്പാദിച്ചതില്‍ പകുതിയും മയക്കുമരുന്നിലൂടെ ആണെന്ന് അദ്ദേഹം പറയുന്നു. 2017 ഐക്യരാഷ്ട്രസഭ അടക്കം ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട് എന്നത് സൂചിപ്പിച്ചാണ് തീവ്രവാദികള്‍ക്ക് മയക്കുമരുന്നുമായുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചതോടെ കേരളം മയക്കുമരുന്നിന് മുഖ്യ വിപണി ആകാന്‍ സാധ്യത എന്ന ആശങ്കയും ജോസഫ് പെരുന്തോട്ടം പങ്കുവെക്കുന്നു. വിഷയത്തില്‍ പ്രതികരിച്ച രാഷ്ട്രീയ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കാനും ജോസഫ് പെരുന്തോട്ടം തയ്യാറാകുന്നു. ഭരണാധികാരികള്‍ നിസ്സംഗത പാലിക്കുകയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഓരോ ദിവസവും കള്ളപ്പണവും സ്വര്‍ണക്കടത്തും മയക്കുമരുന്നും ഇറക്കുമതിചെയ്യുന്നു എന്ന വാര്‍ത്തകള്‍ കാണാം. എന്തുകൊണ്ടാണ് ഇതിനെ നിയന്ത്രിക്കാനാകാത്തത് എന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു. രാജ്യസുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങളുണ്ട് എന്ന് പറയുമ്പോഴാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്കുള്ള നിസ്സംഗത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഉന്നത അധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്ത് ലഹരി കടത്ത് മുതലായ വിഷയങ്ങളില്‍ പങ്കാളികളോ തലതൊട്ടപ്പന്മാര്‍ ആരോ ആണെന്ന് ആരോപിക്കപ്പെടുന്നു എന്നാണ് ജോസഫ് പെരുന്തോട്ടം പറയുന്നത്. അങ്ങനെയെങ്കില്‍ അതീവ ഗുരുതരം തന്നെ എന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിനെ പരാമര്‍ശിക്കാതെ സംസ്ഥാന സര്‍ക്കാരിനെ ഉന്നം വെക്കുകയാണ് മാര്‍ ജോസഫ് പെരുന്തോട്ടം.
ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന മാര്‍ ജോസഫ് പെരുന്തോട്ടം ലേഖനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും വേര്‍തിരിവ് കാട്ടുന്നു എന്നാ വിമര്‍ശനവും മാര്‍ ജോസഫ് പെരുന്തോട്ടം തുറന്നടിച്ചു. ഇത് തിരുത്തപ്പെടേണ്ട നിലപാടാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.സത്യം തുറന്നു പറയുക എന്നത് പൊതു ധര്‍മ്മ ബോധത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.