കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാലു ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡണ്ട് ദിവാകരന്‍, ഉള്‍പ്പെടെയുള്ളവര്‍ ആണ് അറസ്റ്റിലായത്. വ്യാജ ലോണ്‍ അനുവദിക്കാന്‍ കൂട്ടു നിന്നതിനാണ് അറസ്റ്റ്. സി ജോസ്, ടിഎസ് ബൈജു, ലളിതന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് അംഗങ്ങള്‍. ഇവര്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. പാര്‍ട്ടിയുടെ മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് അംഗമായിരുന്നു ദിവാകരന്‍. പാര്‍ട്ടിയില്‍ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. ടിഎസ് ബൈജു പാര്‍ട്ടി പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. നിലവില്‍ 6 മാസം സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടി മാപ്രാണം ചര്‍ച്ച് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ടിഎസ് ജോസ്. നിലവില്‍ പാര്‍ട്ടി മെമ്പറാണ്. സി പി ഐ മെമ്പറാണ് അറസ്റ്റിലായ വികെ ലളിതന്‍.

വായ്പാ തട്ടിപ്പില്‍ ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. അതേസമയം, കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ മാസം കേസിലെ ഒന്നാംപ്രതി സുനില്‍ കുമാര്‍ പിടിയിലായിരുന്നു. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും കരുവന്നൂര്‍ ബാങ്കിന്റെയും മുന്‍ സെക്രട്ടറിയായിരുന്നു ഇരിങ്ങാലക്കുട തളിയക്കോണം തൈവളപ്പില്‍ സുനില്‍ കുമാര്‍. 21 വര്‍ഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്നു.