മലയാളികളുടെ സ്വന്തം ജോണ്‍ ഹോനായി നടന്‍ റിസബാവ അന്തരിച്ചു

മലയാള സിനിമ എക്കാലവും ഓര്‍ത്തു വെക്കുന്ന വില്ലന്‍ കഥാപാത്രമായ ജോണ്‍ ഹോനായിക്ക് ജീവന്‍ നല്‍കിയ പ്രമുഖ ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിസബാവ വില്ലന്‍വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. ഒട്ടേറെ സിനിമകളില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറില്‍ ബ്രേക്കായത്.

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ഹിറ്റ് ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി. സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ്. സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. ഏറ്റവും ഒടുവില്‍ വണ്‍, പ്രൊഫസര്‍ ഡിങ്കന്‍, മഹാവീര്യര്‍ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്. കൂടുതലായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങള്‍ നേടി.