അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇംഗ്ലണ്ട്

ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതി. ടെസ്റ്റിന്റെ ഫലം സംബന്ധിച്ച് ഇരു ബോര്‍ഡുകള്‍ക്കും യോജിച്ചുള്ള തീരുമാനത്തിലെത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ അന്തിമ തീരുമാനം ഐസിസി എടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ട് ഐസിസിക്ക് കത്ത് എഴുതിയിരിക്കുന്നത്. ഇന്ത്യ മത്സരത്തില്‍ തോറ്റതായി പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെടാന്‍ കഴിയൂ എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.

മത്സരം ഉപേക്ഷിച്ചതോടെ 400 കോടി പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബോര്‍ഡ് കത്തില്‍ വ്യക്തമാക്കി. രണ്ടു തവണ കോവിഡ് പരിശോധന ഫലം നെഗറ്റീവായിട്ടും ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിന് തയ്യാറായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഇന്ത്യ ടെസ്റ്റില്‍ തോറ്റതായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മത്സരം ആയത് കൊണ്ട് ജയ പരാജയങ്ങള്‍ ടീമുകള്‍ക്ക് വളരെ വിലപ്പെട്ട ഒന്നാണ്. പരമ്പരയില്‍ ഇന്ത്യ ആണ് ഇപ്പോള്‍ മുന്നില്‍.