പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ; എതിര്‍പ്പുമായി കേരളം

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. ജി.എസ്.ടി സിസ്റ്റത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളടങ്ങിയ ജി.എസ്.ടി കൗണ്‍സിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണവേണം. എന്നാല്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ ഈ നീക്കം എത്രത്തോളം വിജയം കാണുമെന്നതില്‍ സംശയമുണ്ട്.

ഇന്ധനവിലയുടെ പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. നികുതി നിരക്ക് ഏകീകരിക്കൂന്നതിലൂടെ ഇന്ധനവിലയില്‍ വലിയ കുറവുണ്ടാവും. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ജി.എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഈ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേസമയം പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്രസര്‍ക്കാരിനും താല്‍പര്യമില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രനീക്കം. വരാനിരിക്കുന്ന ഗുജറാത്ത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാന്‍ കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടര്‍ച്ചയായ് നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിര്‍ദേശിക്കും പോലെ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല. എവിയേഷന്‍ ഫ്യുവലിന്റെ വാറ്റുമായ് ബന്ധപ്പെട്ട ശുപാര്‍ശയാണ് ഇപ്രകാരം അവസാനമായി കേന്ദ്രം നടത്തിയത്. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായം ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നതിന് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ട് വരാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്.