തിരഞ്ഞെടുപ്പ് വിജയം ; സിപിഐയെ തള്ളി കേരളാ കോണ്‍ഗ്രസ്
ജോസ് കെ മാണിക്ക് ജനകീയ അടിത്തറയില്ലെന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണ്. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും, പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുന്നതും ചെയ്യുന്നത് പാപ്പരത്തമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോര്‍ട്ട് ബാലിശമെന്ന് കേരളാ കോണ്‍ഗ്രസ് തുറന്നടിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് പല സീറ്റുകളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വിജയിക്കാനായതെന്നും പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലെന്നത് തെറ്റാണെന്നും കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു.
കേരളാകോണ്‍ഗ്രസിനെതിരെ അടക്കമുള്ള സിപിഐയുടെ വിമര്‍ശനം വ്യക്തിനിഷ്ടവും അടിസ്ഥാന രഹിതവുമാണെന്ന് ജോസ് കെ മാണി യോഗത്തില്‍ നിലപാടെടുത്തു. ജയിക്കുന്ന സീറ്റുകളിലെ ക്രഡിറ്റ് ഏറ്റെടുത്ത ശേഷം പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് വ്യക്തികളുടെ തലയില്‍ കെട്ടിവയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ് മുന്നണിയിലുള്ളപ്പോള്‍ സ്ഥാനം നഷ്ടമാകുന്ന ഭയം സിപിഐയ്ക്കുണ്ടെന്നും കേരളാ കോണ്‍ഗ്രസ് വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് സി.പി.ഐക്കെതിരായ വിമര്‍ശനം ഉയര്‍ന്നത്.
ഇടത് മുന്നണിയില്‍ എത്തിയിട്ടും സിപിഐക്ക് കേരള കോണ്‍ഗ്രസിനോടുള്ള സമീപനം യുഡിഎഫില്‍ ഉള്ള കാലത്ത് ഉണ്ടായിരുന്നത് പോലെയാണ് എന്ന് സ്റ്റീഫന്‍ ജോര്‍ജ് ആരോപിക്കുന്നു. ജോസ് കെ മാണി ജനകീയത തെളിയിച്ചിട്ടുള്ള നേതാവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് ഇരട്ടി ആവുകയാണ് ചെയ്തത്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും ഇടത് മുന്നണി വിജയിച്ചത്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം എന്തെന്നറിയണമെങ്കില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയോട് ചോദിച്ചാല്‍ മതിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.