കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു കോടിയേരി
കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനം അവസാനിച്ച ഉടനെ അദ്ദേഹം എ.കെ.ജി സെന്ററില്‍ എത്തുകയായിരുന്നു. വാര്‍ത്താ സമ്മേളനം തുടങ്ങുമ്പോള്‍ ഏത് പാര്‍ട്ടിയിലേക്ക് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു ആദ്യത്തിലുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ വാര്‍ത്താസമ്മേളനം അവസാനിക്കാനിരിക്കെ അദ്ദേഹം തന്നെയാണ് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
മതേതരത്വം ഉള്‍പ്പെടെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മിനെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ആത്മാഭിമാനത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ഇനിയുള്ള കാലം സിപിഎമ്മില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് ഘടകത്തിലായാലും പ്രവര്‍ത്തിക്കും. സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവണം. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഞാന്‍ ആരുമായും സംസാരിച്ചിട്ടില്ലെന്നായിരുന്നു അനില്‍കുമാറിന്റെ മറുപടി.