ജോസ് കെ. മാണി ജനകീയനല്ല ; സി പി ഐ – കേരളാ കോണ്‍ഗ്രസ് എം പോര് തുടരുന്നു
സിപിഐ- കേരളാ കോണ്‍ഗ്രസ് എം ഭിന്നത രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസിനെ അംഗീകരിക്കാത്ത സിപിഐ സമീപനമാണ് പ്രശ്‌ന കാരണം. ഇതു വരെ സിപിഐ യെ വിമര്‍ശിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറായിരുന്നില്ല. എന്നാല്‍ ജോസ് കെ മാണിക്ക് ജനകീയത ഇല്ലെന്ന തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോടെ കേരളാ കോണ്‍ഗ്രസും മൗനം വെടിയുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടം മുതല്‍ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ പിന്നീട് സിപിഎം നിലപാടില്‍ ഉറച്ചു നിന്നതോടെ സി പി ഐ വഴങ്ങി. കേരളാ കോണ്‍ഗ്രസ് എം വന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് സിപിഐ എതിര്‍പ്പിന് കാരണമെന്ന വിമര്‍ശനമുയര്‍ന്നു.
തെരഞ്ഞെടുപ്പില്‍ സിപിഐക്ക് ഭേദപ്പെട്ട വിജയം ലഭിക്കുകയും പാലാ ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍ കേരളകോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തതോടെയാണ് കേരളാ കോണ്‍ഗ്രസിനെതിരേ സിപിഐ വീണ്ടും രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസിന്റെ വരവ് മുന്നണി ഉണ്ടാക്കിയതിനെക്കാള്‍ ഗുണം ആ പാര്‍ട്ടിക്ക് ലഭിച്ചുവെന്നാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട്. പാലായിലെ പരാജയകാരണം ജോസ് കെ മാണി ജനകീയനല്ലെന്നു കൂടി പറഞ്ഞതോടെ തിരിച്ചടിക്കാന്‍ കേരളാ കോണ്‍ഗ്രസും നിര്‍ബന്ധിതമായി. കൂടാതെ ജോസ് കെ.മാണി ജനകീയനല്ലെന്ന അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം ഒഴിവാക്കണമെന്ന കേരളാ കോണ്‍ഗ്രസ് ആവശ്യം സി പി ഐ തള്ളി. ആരു പറഞ്ഞാലും അവലോകന റിപ്പോര്‍ട്ട് തിരുത്തില്ലെന്നും അതാവശ്യപ്പെടാന്‍ പോലും ഒരു പാര്‍ട്ടിക്കും അധികാരമില്ലെന്നുമാണ് സിപിഐ നിലപാട്. അതേസമയം സിപിഐക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ് എം.
കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള അകലമാണ് സിപിഐ ഇപ്പോഴും കാട്ടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുറന്നടിച്ചു. ഹൈപവര്‍ കമ്മറ്റി യോഗത്തിലും സിപിഐയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സി പി ഐ യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ബാലിശമാണ്. റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ തള്ളിപ്പറയാന്‍ സി പി ഐ നേതൃത്വം തയാറാകണം. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനോട് ഉള്ള അകലം ഇപ്പോള്‍ തുടങ്ങിയതല്ല. അതൊക്കെ കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണിയില്‍ ഉള്ളപ്പോള്‍ തന്നെ ഉണ്ടായതാണ്.ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടവരാണെന്ന് മുതിര്‍ന്ന നേതാക്കളെ ഉന്നംവെച്ച് കേരള കോണ്‍ഗ്രസ് പറയുന്നു. മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സിപിഐ തോറ്റത് ജനകീയ അടിത്തറ ഇല്ലാത്തതുകൊണ്ടാണോ?. ജോസ് കെ മാണിക്ക് ജനകീയാടിത്തറ ഇല്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഭൂരിപക്ഷം ഇരട്ടിച്ചത്.
ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്വം വ്യക്തികളില്‍ കെട്ടിവെയ്ക്കുകയും ചെയ്യുന്നത് പാപ്പരത്തമാണ്.കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ വിജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ സിപിഐയുടെ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനം കൊണ്ട് മുന്നണിക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. ജോസ് കെ മാണി ജനകീയനല്ലാത്തത് കൊണ്ടാണ് പാലായില്‍ പരാജയപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ അവലോകന റിപ്പോര്‍ട്ടില്‍ സിപിഐ ഉള്‍പ്പെടുത്തിയതോടെയാണ് ഇരു പാര്‍ട്ടികളുടെ തമ്മിലുള്ള പരസ്യം തര്‍ക്കം ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് എം റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുമ്പോഴും നിലപാടില്‍ നിന്ന് സിപിഐ പിന്നോട്ടില്ല.