ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായി ഡെന്മാര്‍ക്കില്‍ ഇത്തവണ കഴുത്തറുത്തു കൊന്നത് 1500 ഡോള്‍ഫിനുകളെ
പല രാജ്യങ്ങളും സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവിയാണ് ഡോള്‍ഫിനുകള്‍. മോശമല്ലാത്ത രീതിയില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വര്‍ഗ്ഗത്തിനെ കൂട്ടത്തോടെ കൊന്നു തള്ളിയ വാര്‍ത്തയാണ് ഡെന്മാര്‍ക്കില്‍ നിന്നും കേള്‍ക്കുന്നത്. ഡെന്മാര്‍ക്കില്‍ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് ഡോള്‍ഫിനുകളെ കൊന്നത്. പതിനാറാം നൂറ്റാണ്ട് മുതല്‍ ആഘോഷിച്ച് വരുന്ന ഒരു ആചാരമാണിത്. ഈ ദാരുണ സംഭവം വര്‍ഷാ വര്‍ഷം ആഘോഷമെന്ന പേരില്‍ ഇവിടെ നടത്തിപോരുന്നുണ്ട്. ഡോള്‍ഫിനോടൊപ്പം ഇവര്‍ തിമിംഗലങ്ങളെയും കഴുത്തറുത്ത് കൊള്ളാറുണ്ട്, അതും ആഘോഷങ്ങളുടെ ഭാഗമാണ്.
ഫറോസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഡോള്‍ഫിന്‍ വേട്ടയായിരുന്നു ഇത്തവണത്തേത്. ലോകവ്യാപകമായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റമൃഗ വേട്ടയും ഇത് തന്നെയാണെന്നാണ്, യു.കെ.യുടെ ഫോര്‍ സീ ഷെപ്പേര്‍ഡിന്റെ അംബാസിഡര്‍ പറയുന്നത്. ഡാനിഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഡോള്‍ഫിനുകളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. ഡോള്‍ഫിന്റെ ശരീരം ഫറോ ദ്വീപ് നിവാസികള്‍ ഭക്ഷിക്കും. വര്‍ഷങ്ങളായി പ്രദേശത്ത് തുടര്‍ന്നുവരുന്ന പതിവാണിത്.
ഈ വാര്‍ഷിക വേട്ട അവസാനിപ്പിക്കാന്‍ ബ്ലൂ പ്ലാനറ്റ് സൊസൈററ്റി ഡാനിഷ് അധികാരികളോടും യൂറോപ്യന്‍ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു. വര്‍ഷാ വര്‍ഷമുള്ള ഈ വേട്ടയാടല്‍ പ്രകോപനം സൃഷ്ടിക്കുകയും മൃഗാവകാശ പ്രവര്‍ത്തകരില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ നേടുകയും ചെയ്തു. ഫറോ ദ്വീപ് നിവാസികളുടെ ഈ ക്രൂരകൃത്യം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്നാല്‍ അധികൃതര്‍ ഇതിനൊന്നും ചെവി കൊടുക്കുന്നില്ല എന്നതാണ് സത്യം.