പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ല , പ്രകോപനം സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ടത് : മുഖ്യമന്ത്രി
പാല ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ലഹരി മാഫിയ ലോകവ്യാപകായ പ്രതിഭാസമാണ്. എന്നാല്‍ അതിന് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാര്‍കോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നാര്‍കോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല. പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകള്‍ ആയി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നുള്ളതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്തരായ നാര്‍കോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തില്‍ ചിലവാക്കില്ല. ഇങ്ങനെയൊരു പൊതുസാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇതിനെ തെറ്റായ നിലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ട്. ഈ സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന വന്‍കിട ശക്തികള്‍ ദുര്‍ബലമായി വരികയാണ്. അവര്‍ക്ക് ആരെയെങ്കിലും ചാരാന്‍ ഒരല്‍പം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരെ കര്‍ശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെ കാര്യങ്ങള്‍ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയില്‍ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നില്‍ ആരാണോ സംസാരിക്കുന്നത് അവര്‍ ഒരഭ്യര്‍ത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതില്‍ ആരും തെറ്റ് കാണുന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭത്തില്‍ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ല എന്നും പിണറായി പറയുന്നു.