ഒരു സല്യൂട്ടാവാം ; എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചോദിച്ചു വാങ്ങി സുരേഷ് ഗോപി
ഒല്ലൂര്‍ : എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്‌ഗോപി എം.പി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് എം പി സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല’ എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണ് സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്.
‘ഗര്‍ഭിണികളെ തുണിയില്‍ മുളയില്‍ കെട്ടിക്കൊണ്ടുപോയ ആദിവാസികള്‍ക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്. 47 ലക്ഷം രൂപയ്ക്കാണ് റോഡ് പണിതുകൊടുത്തത്. രണ്ട് വര്‍ഷമാണ് എന്നെ വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്’ എന്നും രോഷത്തോടെ സുരേഷ് ഗോപി പറഞ്ഞു. അതേസമയം പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സല്യൂട്ട് ചെയ്യേണ്ടതില്ല എന്നാണ് നിയമം. എസ്‌ഐ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.