സാമ്പത്തിക തട്ടിപ്പ് കേസ് ; നടി ജാക്വലിന്‍ ഫെര്‍ണാഡസിനെ ഇ.ഡി. ചോദ്യം ചെയ്യും

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 25 നടിയോട് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും നദിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.

ഈ കേസില്‍ മലയാളി താരം ലീന മരിയാ പോളിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നടി ലീന മരിയ പോളിനെ കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. ലീന മരിയ പോള്‍ അടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുപേരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലും വിട്ടിട്ടുണ്ട്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ടതാണ് കേസ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.