ഇ.ഡി വിളിച്ചത് നന്നായി ; ചന്ദ്രിക കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി
ചന്ദ്രിക കള്ളപ്പണക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചത് നന്നായിയെന്നും എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞു എന്നുമാണ് പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ആവശ്യമായ രേഖകള്‍ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയി എന്നും അദ്ദേഹം പറയുന്നു. നാലു മണിക്കൂറോളമാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തത്.
ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വിളിപ്പിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് അദ്ദേഹം ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയത്. സെപ്തംബര്‍ രണ്ടിന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു പരാതിക്കാരന്‍. ഇയാളെയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ പലവട്ടം വിളിപ്പിച്ചിരുന്നു. മാനേജര്‍ കണക്കുകള്‍ സമര്‍പ്പിക്കുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുക പി.എഫ് അടക്കാനാണെന്നും അറിയിച്ചതായും വിവരമുണ്ട്.