6ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടില്‍ ഒറ്റരാത്രി കൊണ്ട് എത്തിയത് 900 കോടി ; ഞെട്ടി ഒരു ഗ്രാമം

ബിഹാറിലെ കട്ടിഹാറിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്കാണ് ഒറ്റരാത്രികൊണ്ട് 900 കോടി രൂപ എത്തിയത്. യൂണിഫോമിനായി സ്‌കോളര്‍ഷിപ്പ് തുക അക്കൌണ്ടിലെത്തിയോ എന്ന് പരിശോധിക്കാനെത്തിയ രക്ഷിതാക്കളാണ് മക്കളുടെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടിയത്. ഉത്തര്‍ ബിഹാര്‍ ഗ്രാമീണ ബാങ്കിലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഒറ്റരാത്രി കൊണ്ട് കോടിപതികളായത്.ബാലന്‍സ് കണ്ട അമ്പരന്ന രക്ഷിതാക്കള്‍ പണമെടുക്കാനായി ബാങ്കിനെ സമീപിക്കുമ്പോഴാണ് ബാങ്ക് വിവരം അറിയുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആശിഷിന്റെ അക്കൌണ്ടിലെത്തിയത് 6.2 കോടി രൂപയാണ്. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൌണ്ടിലെത്തിയത് 900 കോടിയും.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ബാങ്ക് ഈ അക്കൌണ്ടുകളിലെ ട്രാന്‍സാക്ഷന്‍സ് മരവിപ്പിച്ചിരിക്കുകയാണ്. പണമയക്കുന്ന സിസ്റ്റത്തിലെ തകരാറ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലും സമാനമായ സംഭവമുണ്ടാവുമെന്ന കാഴ്ചപ്പാടിലാണ് കട്ടിഹാറിലെ ഗ്രാമവാസികളുള്ളത്. ഇത്തരത്തില്‍ ബാങ്കിന് സംഭവിക്കുന്ന രണ്ടാമത്തെ വലിയ പിഴവാണ് ഇത്. ഉത്തര്‍ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു ഇരുവര്‍ക്കും അക്കൗണ്ടുണ്ടായിരുന്നത്. എന്നാല്‍, കഫേയിലെ ജീവനക്കാര്‍ ഇരുവരുടെയും അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും കണ്ണുതള്ളിപ്പോയത്.

വാര്‍ത്ത കട്ടിഹാര്‍ ജില്ലാ മജിസ്ട്രേറ്റ് ഉദയന്‍ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ രാവിലെ ബാങ്കില്‍ പരിശോധന നടത്തിയിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ കാണുന്നുണ്ടെങ്കിലും യഥാര്‍ത്ഥ തുക ഇവരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ലെന്നും ഉദയന്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സമാനമായൊരു സംഭവം ബിഹാറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാട്ന സ്വദേശിയുടെ അക്കൗണ്ടിലാണ് അബദ്ധത്തില്‍ അഞ്ചു ലക്ഷം രൂപ എത്തിയത്. പണം തിരികെനല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള പണമാണിതെന്നായിരുന്നു വാദം. കൂടാതെ ഇയാള്‍ പണം മുഴുവന്‍ ചിലവാക്കുകയും ചെയ്തിരുന്നു. അവസാനം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.