ഗ്രൂപ്പുകളും പേജുകളും ജാഗ്രതൈ ; വ്യാജന്മാര്‍ക്ക് പണി കൊടുക്കാന്‍ രണ്ടും കല്‍പ്പിച്ചു ഫേസ്ബുക്ക്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ചു ഫേസ്ബുക്. പൊതുസമൂഹത്തില്‍ വളരെ ഏറെ പിടിപാട് ഉള്ള ഒന്നായി ഫേസ്ബുക്ക് മാറിയിട്ട് കാലങ്ങളായി. എന്നാല്‍ കുറച്ചു കാലമായി സമൂഹത്തില്‍ സംഘര്‍ഷവും തെറ്റിദ്ധാരണയും സൃഷ്ട്ടിക്കാന്‍ ഏറെ പേര്‍ ഉപയോഗിക്കുന്ന ഒന്നായി ഫേസ്ബുക്ക് മാറി കഴിഞ്ഞു. ഗൂഢാലോചന സിദ്ധാന്തക്കാര്‍, വ്യാജ വാര്‍ത്ത പ്രചാരകര്‍, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ ഇവരുടെ എണ്ണം ഏറെയാണ്. വ്യാജ ഐ ഡികള്‍ ഉരുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഏവരെയും ഇത്തരക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകളെയുമാണ് ഫേസ്ബുക്ക് ഇല്ലാതാക്കാന്‍ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി കൊവിഡ് 19 സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്ന ജര്‍മ്മന്‍ ഗ്രൂപ്പിനെയും, അതിലെ അംഗങ്ങളെയും ഫേസ്ബുക്ക് ഒഴിവാക്കിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ ടൂള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ നിലവിലുള്ള സുരക്ഷ പബ്ലിക്ക് നയങ്ങള്‍ക്ക് വിരുദ്ധമായി സംഘടിതവും വിനാശകരവുമായി ആശയ പ്രചാരണം നടത്തുന്ന സംഘങ്ങളെ ഈ ടൂള്‍ ഉപയോഗിച്ച് കണ്ടെത്തും. അടുത്തിടെയായി വ്യാജ പ്രചാരണങ്ങളുടെ പേരിലും, അവയ്‌ക്കെതിരെ ഫേസ്ബുക്ക് എടുക്കുന്ന നടപടികളുടെ പേരിലും ഈ സോഷ്യല്‍ മീഡിയ ഭീമന്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്ന പാശ്ചാത്തലത്തിലാണ് പുതിയ ടൂളിന്റെ പ്രഖ്യാപനം. ഒരു ഗ്രൂപ്പ് വിനാശകരമായ പെരുമാറ്റം കാണിക്കുന്നുണ്ടെങ്കില്‍ യാതൊരു ഇളവും നല്‍കേണ്ടെന്നാണ് ഫേസ്ബുക്ക് തീരുമാനം എന്നാണ് ഫേസ്ബുക്ക് ഹെഡ് ഓഫ് സെക്യൂരിറ്റി പോളിസി നതാനീല്‍ ഗ്ലിച്ചര്‍ പറയുന്നത്.