അധികൃതരുടെ അനാസ്ഥ നവജാത ശിശു മരിച്ചു ; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. മലയിന്‍കീഴ് സ്വദേശികളായ അഖില്‍ – മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതര്‍ വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ 15 നാണ് മനീഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫ്‌ലൂവിഡ് ഇഷ്യൂവും ബ്ലീഡിങ്ങിനെയും തുടര്‍ന്നാണ് മനീഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്‌ലൂവിഡ് ഇഷ്യൂ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാണിതപ്പോള്‍ ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടില്ലെന്നുമാണ് ആരോപണം. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ മനീഷയുടെ ആരോഗ്യനില മോശമാവുകയും ചെയ്തു. ആശുപത്രി അധികൃതര്‍ വേദനയ്ക്കുള്ള മരുന്ന് നല്‍കുകയും ഇന്ന് രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ഡോക്ടര്‍മാരുടെ ബാത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവില്‍ കുഞ്ഞിന്റെ മൃതദേഹം തൈക്കാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ചികില്‍സയില്‍ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രസവ ശേഷം കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു. പീഡിയാട്രീഷന്‍ അടക്കം കുഞ്ഞിനെ പരിശോധിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് കുഞ്ഞ് മരണപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.