സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രിംകോടതി
കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സുഗമമായി നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സംസ്ഥാന സര്‍ ര്‍ക്കാര്‍ കോടതിയെ അറിയിച്ച പഞ്ചാത്തലത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത തരത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചത്.
സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്നും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹര്‍ജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് പത്മനാഭന്‍ വാദിച്ചു. എന്നാല്‍ നീറ്റ് പരീക്ഷയ്ക്ക് ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടല്ലോയെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. സാങ്കേതിക സര്‍വകലാശാല ഒരു ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയതായും സുപ്രീംകോടതി വിലയിരുത്തി. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാനായിരുന്നു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പരീക്ഷ ഓഫ് ലൈനായി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യം സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ നടത്തിയത് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.