ദുരഭിമാനക്കൊല ; ഉത്തര്‍ പ്രദേശില്‍ കമിതാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
കമിതാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ഒരു മാസം മുന്‍പ് ഡല്‍ഹിയിലേക്ക് പോയിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചെന്ന് ഇവരെ ബലമായി പിടിച്ചുകൊണ്ട് പോകുകയും മധ്യപ്രദേശിലെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ശേഷം മൃതദേഹങ്ങള്‍ രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഉപേക്ഷിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ട ആളായതാണ് ബന്ധുക്കളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി യുപി പൊലീസ് അറിയിച്ചു.