കഥ മോഷണം ; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംസ്ഥാന അവാര്‍ഡുകളും ഫിപ്രസി പുരസ്കാരവും പിന്‍വലിക്കണമെന്ന് ആവശ്യം
മലയാളത്തില്‍ റിലീസ് ആയി ഏറെ ജന ശ്രദ്ധ നേടിയ സിനിമയാണ് സുരാജ് വെഞ്ഞാറമൂടും സൗബിനും മുഖ്യ വേഷത്തില്‍ എത്തിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ എന്ന സിനിമ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രം പഴയ ഒരു ഹോളിവുഡ് സിനിമയുടെ മോഷണം ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ചിത്രം മോഷണമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് നല്കിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഫിപ്രസി പുരസ്കാരവും ഐഎഫ്എഫ്കെ ഗ്രാന്‍ഡും പിന്‍വലിക്കണമെന്ന് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (മൈക്ക്) ആവശ്യപ്പെട്ടു. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത സിനിമ 2019ല്‍ ആണ് റിലീസ് ആയത്.
ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ‘റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ എന്ന അമേരിക്കന്‍ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകര്‍ത്തിയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ ചെയ്തതെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരു സിനിമകളുടെയും സീന്‍ ബൈ സീന്‍ സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ ഇത്തരമൊരു ആവശ്യവുമായി സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ മുന്നില്‍ പരാതി സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തിനു വിരുദ്ധമായി വസ്തുതകള്‍ കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് നല്കിയ സംസ്ഥാന അവാര്‍ഡുകളും ഫിപ്രസി പുരസ്കാരവും ഐഎഫ്എഫ്കെ ഗ്രാന്‍ഡും പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
നിലവിലെ സത്യവാങ്മൂലം മതിയാവാത്ത സാഹചര്യത്തില്‍ മൗലികമല്ലെങ്കില്‍ അവാര്‍ഡ് തിരികെ വാങ്ങുമെന്ന നിബന്ധന വരും വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. മികച്ച നവാഗത സംവിധായകന്, നടന്, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സിനിമയ്ക്ക് ലഭിച്ചത്. 25-ാമത് IFFKയില്‍ രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും ചിത്രത്തിനായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ അമേരിക്കന്‍ സിനിമയടെ മോഷണമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നത്.