സ്‌കൂളുകള്‍ തുറക്കുവാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം പുറത്തു വന്നു എങ്കിലും ഈ തീരുമാനത്തില്‍ ആകെ ഞെട്ടിയ അവസ്ഥയിലാണ് സംസ്ഥാന വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ ഇങ്ങനെ ഒരു തീരുമാനം അറിഞ്ഞില്ല എന്നതാണ് സത്യം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പോലും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം അറിഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നശേഷം മാത്രമാണ്. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ?ഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കല്‍ എന്ന വിഷയം ചര്‍ച്ചക്ക് വന്നിരുന്നില്ല. സ്‌കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. അതേസമയം ഏകപക്ഷിയമായി എടുത്ത തീരുമാനങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിനുള്ളില്‍ തന്നെ നീരസം ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് അറിയാതെയുള്ള നീക്കം ചര്‍ച്ചയായിരിക്കുകയാണ്. വകുപ്പ് മന്ത്രിയോട് പോലും ആലോചിക്കാതെ മുഖ്യമന്ത്രി ഏകകണ്ഠമായി തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോള്‍ സംസ്ഥാനത്തു സര്‍വ്വ സാധാരണമായ വിഷയമായി കഴിഞ്ഞു.