കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ; പ്രഖ്യാപനം 28ന്
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ് ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാര്‍. ജിഗ്‌നേഷ് മേവാനി ഗുജറാത്തില്‍ എം.എല്‍.എയാണ്. തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് യുവ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കമാരംഭിച്ചത്. ദേശീയ തലത്തില്‍ ജനപ്രിയനേതാക്കളുടെ അഭാവം കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാണ് യുവനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കമാരംഭിച്ചത്.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാടുകളിലൂടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസറായി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്‌നേഷ് മേവാനി മികച്ച ജനപിന്തുണയുള്ള യുവമുഖമാണ്. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയുടെ കീഴില്‍ ദലിത് പ്രശ്നങ്ങളില്‍ ഇടപെട്ടാണ് മേവാനി ശ്രദ്ധേയനായത്. നിലവില്‍ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.
അതേസമയം കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുംം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്. ഗുജറാത്ത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പാട്ടേല്‍ ഇരുവരെയും വിളിച്ച് അനുനയ ചര്‍ച്ചകള്‍ നടത്തുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാധാരണഗതിയിലാകുന്ന പക്ഷം സെപ്തംബര്‍ 28ന് തന്നെ ഇരുവര്‍ക്കും കോണ്‍ഗ്രസില്‍ ചേരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.