സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും ; തീയറ്ററുകള്‍ തുറക്കില്ല ; നിലവിലെ ലോക്ക്ഡൗണ്‍ തുടരും

നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും തീരുമാനിച്ചു. പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന തീരുമാനമാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.

അതേസമയം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയില്ല. നിലവിലെ പോലെ പാഴ്‌സല്‍ ആയി നല്‍കുന്നത് തുടരും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി ഇല്ല. മദ്യവും പാഴ്‌സല്‍ നല്‍കുന്നത് തുടരും. തീയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടില്ല. തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാനും അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇളവുകള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്. അതേസമയം പ്രതിവാര പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ മാനദണ്ഡത്തിലും മാറ്റം വരുത്തി. ഡബ്ല്യൂ.ഐ.പി.ആര്‍ എട്ടില്‍ നിന്ന് പത്താക്കുകയും ചെയ്തു. ഇനി മുതല്‍ ഡബ്ല്യൂ.ഐ.പി.ആര്‍ പത്തിന് മുകളിലുള്ള തദ്ദേശ വാര്‍ഡുകള്‍ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണില്‍ വരുക. ഡബ്ല്യൂ. ഐ. പി. ആര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.