വിവാഹ തട്ടിപ്പ് വീരനായ മലയാളി ബാംഗ്ലൂരില്‍ കുടുക്കിയത് 15ലേറെ യുവതികളെ
മലയാളിയായ ഐ ടി ജീവനക്കാരനായ ഹെറാള്‍ഡ് തോമസ് എന്ന മലയാളി യുവാവാണ് ബാംഗ്ലൂരില്‍ പിടിയിലായത്. മാട്രിമോണിയി സൈറ്റുകളിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്. ഈ യുവതി കഴിഞ്ഞ രണ്ടു മാസമായി ഇയാളുടെ കൂടെ ഫ്‌ലാറ്റില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍ തന്റെ വീട്ടുകാര്‍ ബംഗ്ലൂരുവിലെത്തുന്നുണ്ട് എന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് മുംബൈ സ്വദേശിനിയെ ഇതേ ഫ്‌ലാറ്റില്‍ നിന്ന് ഹോസ്റ്റലിലേക്ക് ഹെറാള്‍ഡ് മാറ്റിയത്.
എന്നാല്‍ അയല്‍വാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ചാണ് മുംബൈ സ്വദേശിയായ യുവതി രാവിലെ വീണ്ടും ഫ്‌ലാറ്റിലെത്തി പരിശോധന നടത്തിയത്. ഈ സമയം മറ്റൊരു പെണ്‍കുട്ടി ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മാട്രിമോണിയിലൂടെ പരിചയപ്പെട്ടതാണെന്നും ഉടന്‍ ഹെറാള്‍ഡുമായി വിവാഹം നിശ്ചയിക്കുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇതോടെ ഹൊറാള്‍ഡ് തന്നെ വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായ മുംബൈ സ്വദേശിനി ബെംഗളൂരു പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഐ ടി കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനാണ് ഹെറാള്‍ഡ് തോമസ്.കേരളത്തില്‍ ഹെറാള്‍ഡിന് ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്.
ഇയാള്‍ ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. തനിക്ക് എതിരെ തിരിയുന്ന പെണ്‍കുട്ടികളെ പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുകയും പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. പൊലീസിനെ സമീപിച്ചാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. മൈസൂരു, ഹംപി, മടിക്കേരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് യുവതികളുമായി വിവിധ സമയങ്ങളില്‍ ഹെറാള്‍ഡ് യാത്ര നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുംബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയെ വിവാഹ നിശ്ചയം നടത്താമെന്ന് തെറ്റിധരിപ്പിച്ചാണ് ബംഗ്ലൂരുവിലെത്തിച്ചിരുന്നത്. അതേസമയം നാട്ടില്‍ സല്‍സ്വഭാവിയായ കുടുംബ നാഥനാണ് ഇയാള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ പോലും വാര്‍ത്ത കേട്ടിട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് പോലീസിനോട് പറഞ്ഞത്.