മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. കേരള ഭൂഷണ്‍, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് നോവല്‍ രണ്ട് യാത്ര വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്. കെ എം റോയ് മാധ്യമ രംഗത്തെ പ്രതിഭയെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളാണ് കെ എം റോയ് സ്വീകരിച്ചിരുന്നതെന്നും നീതിക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രണ്ടു തവണ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റോയി. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. പ്രഭാഷകന്‍, കോളമിസ്റ്റ്, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദ ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും ജോലി ചെയ്തിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്തുനിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു.