മത വിദ്വേഷം പ്രചരിപ്പിക്കല്‍ ; നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ പോലീസ് കേസ്

എതിര്‍പ്പുകളെ തുടര്‍ന്ന് നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി കേരളാ പോലീസ്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. നമോ ടി.വിക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നമോ ടി.വിയുടെ വീഡിയോ സൈബര്‍ സെല്‍ എ.ഡി.ജി.പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പച്ചവെള്ളത്തിന് തീപിടിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഇതിന്റെ വീഡിയോ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് അയച്ചുകൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും സതീശന്‍ പറഞ്ഞു.ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ് തെളിയുന്നത്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.