സ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു

മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന വൃദ്ധനാണ് ഈ ദുരവസ്ഥ. മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസമായി പൊന്നുചെട്ടിയാര്‍ക്ക് കൃത്യമായി ഭക്ഷണം നല്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സമീപവാസികളുടെ പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് മുറിയില്‍ പൂട്ടിയിട്ടതെന്നാണ് ആരോപണം.

പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തില്‍ മക്കള്‍ വീട്ടിനകത്ത് പൂട്ടിയിട്ടത്. സ്വത്ത് മക്കള്‍ക്ക് എഴുതി നല്‍കിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പോലീസും , നഗരസഭ അധികൃതരുംചേര്‍ന്ന് പൊന്നുചെട്ടിയാരെ മോചിപ്പിച്ചു. അവശനിലയിലായ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴിചയാണ് തൊണ്ണൂറുകാരനായ ചെട്ട്യാരുടെ ദുരവസ്ഥയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞത്.

കൈതച്ചിറയിലാണ് പൊന്നുചെട്ട്യാരുടെ മക്കള്‍ താമസിക്കുന്നത്. വാടകക്കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ മക്കളുടെ പേരിലാണെന്നും കെട്ടിടങ്ങളുടെ വാടക വാങ്ങുന്നത് മകനാണെന്നും പ്രാഥമുക അന്വേഷണത്തില്‍ മനസ്സിലായതായി പോലീസ് പറഞ്ഞു. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കൊണ്ടു വയ്ക്കുകയും പോവുമ്പോള്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയുമാണ് പതിവ്. ചിലപ്പോള്‍ ആരും വരാറും ഇല്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജനമൈത്രി പോലീസ് വന്ന് മക്കളെ വിളിച്ചു വരുത്തി വീട് തുറപ്പിച്ചു. തൃശ്ശൂരിലേയ്ക്ക് പോയ മകന്‍ വന്ന ശേഷം സംരക്ഷണത്തിന്റെ കാര്യം തീരുമാനിക്കും.