തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ; മാതാപിതാക്കള്‍ക്കെതിരെ വിജയ്
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം വിജയ് ഹൈക്കോടതില്‍. മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പെടെ തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ ഹര്‍ജി നല്‍കിയിരിക്കുന്നത്. അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് ഹര്‍ജി. കേസ് സെപ്റ്റംബര്‍ 27ന് കോടതി പരിഗണിക്കും.
വിജയ്യുടെ പേരില്‍ ‘ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റം’ എന്ന പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. വിജയ്യുടെ അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭയുമായിരുന്നു പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍.
എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്ന വിജയ് തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയതായാണ് സൂചന. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. അതേസമയം തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ നടന്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അംഗങ്ങള്‍ സ്വന്തം നിലയില്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം.