ഈഴവ വിരുദ്ധ സന്ദേഹം ; മാപ്പ് പറഞ്ഞു ഫാ. റോയ് കണ്ണന്‍ചിറ

ഈഴവ യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ചു വലയിലാക്കുന്നു എന്ന് പ്രസ്താവന ഇറക്കിയ വൈദികന്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞു. ഫാ. റോയ് കണ്ണന്‍ചിറയാണ് ഈഴവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് രംഗത് വന്നത്. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു.

”കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായി വ്യക്തമായി. ഇത്തരത്തില്‍ കുടുംബ ഭദ്രതയെ തകര്‍ക്കുന്ന സംഭവങ്ങളില്‍ നിന്ന് പിന്തിരിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കര്‍ത്തവ്യം വൈദികരായ ഞങ്ങളില്‍ അര്‍പ്പിതമാണ്.

കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണ്. ഈ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്തെ ചില അനുഭവങ്ങളും പറഞ്ഞത്. ഇതില്‍ ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമത്തെക്കുറിച്ചും പറഞ്ഞിരുന്നു. അത് എന്റെ പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായി. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” ഫാ. റോയ് കണ്ണന്‍ചിറ വ്യക്തമാക്കി.

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സഭയുടെ പ്രമുഖ പ്രഭാഷകനും സഭാ പത്രമായ ദീപികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ് ഫാ. റോയ്. കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നാണ് ഫാ. റോയ് പറഞ്ഞത്.

ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്. പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് വീഡിയോയില്‍ പറയുന്നു.