പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തി ; മലപ്പുറത്ത് മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം കരുവാരക്കുണ്ടിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയത്. സംഭവത്തില്‍ ബാല്യവിവാഹനിരോധനവകുപ്പ് പ്രകാരം ഭര്‍ത്താവ്,രക്ഷിതാക്കള്‍,മഹല്ല് ഖാസി എന്നിവര്‍ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ 9ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍വെച്ചായിരുന്നു നിക്കാഹ്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കരിവാരക്കുണ്ട് പോലീസ് കുട്ടി പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറുടെ സഹായത്തോടെ വിദ്യാര്‍ത്ഥിനിയുടെയും വീട്ടുകാരുടെയും മൊഴി രേഖപെടുത്തി. തുടര്‍ന്നാണ് കേസെടുത്തത്. അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മലപ്പുറത്തും സമീപ ജില്ലകളിലും പ്രായപൂര്‍ത്തിയാക്കത്ത പെണ്‍കുട്ടികളുടെ വിവാഹം സര്‍വ്വ സാധാരണമായ ഒന്നായിരുന്നു. എന്നാല്‍ നിയമം ശക്തമായതിനെ തുടര്‍ന്നാണ് ഇതിന് ഒരു കുറവ് വന്നത്.