സിനിമാ സംവിധായകന്‍ ചമഞ്ഞു 14 കാരിയെ കയറിപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ വ്യാജ സിനിമാ സംവിധയകാന്‍ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജ് ആണ് പിടിയിലായത്. പാലാ ടൗണില്‍ മുരുക്കുംപുഴയിരുന്നു സംഭവം അരങ്ങേറിയത്. മുരുക്കുംപുഴ യിലെ കടയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സംവിധായകനെന്ന് പരിചയപ്പെടുത്തിയാണ് പ്രതി മോശമായി പെരുമാറിയത്. കടയിലേക്ക് വരുമ്പോള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടാണ് ഇയാള്‍ എത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുമായി ഫോണില്‍ സംസാരിക്കുകയാണ് എന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്.താന്‍ ഒരു സംവിധായകനാണെന്ന് പുതിയതായി നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയെ ആവശ്യമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി കടയില്‍നിന്ന് പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. ഇതോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത് ആണെന്ന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് ഉടന്‍ തന്നെ പാലാ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പിടികൂടാന്‍ പാലാ പോലീസ് നീക്കം നടത്തിയത്. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ രാജേഷ് നാടകീയമായി പൊലീസിനെ പറ്റിക്കാനും ശ്രമിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പേര് എന്താണ് എന്ന് ഡോക്ടര്‍ തിരക്കി. ബിജു എന്നായിരുന്നു വ്യാജ സംവിധായകന്റെ മറുപടി. പൊലീസ് ഇതുകേട്ട് ഞെട്ടി. ഡോക്ടറോട് പ്രതിയുടെ പേര് രാജേഷ് ജോര്‍ജ് എന്നാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതി മറ്റൊരു പേര് പറഞ്ഞതിനാല്‍ ഡോക്ടര്‍ കണ്‍ഫ്യൂഷനിലായി. രേഖകള്‍ ചോദിച്ചതോടെ മെഡിക്കല്‍ പരിശോധന അവതാളത്തിലുമായി.

മെഡിക്കല്‍ പരിശോധന നടക്കാതെ വന്നതോടെ പ്രതി രാജേഷ് ജോര്‍ജുമായി എസ്‌ഐ ഉള്‍പ്പെടുന്ന സംഘം തിരികെ പൊലീസ് സ്റ്റേഷനില്‍ എത്തി. വിവരം സി ഐ കെ പി തോംസണെ അറിയിച്ചു. സി ഐ പ്രതിയോട് കാര്യങ്ങള്‍ നേരിട്ട് തിരക്കിയപ്പോള്‍ ഒന്നും ഓര്‍മ്മ വരുന്നില്ല എന്നായിരുന്നു പ്രതിയുടെ മറുപടി. ഓര്‍മ്മ ഇല്ലെങ്കില്‍ ഒന്നുകില്‍ മല്ലപ്പള്ളിയിലെ വീട്ടിലേക്ക് പോയി രേഖകള്‍ തപ്പാം എന്ന് സി ഐ മറുപടി നല്‍കി. അല്ലെങ്കില്‍ സ്റ്റേഷനിലെ ലോകകപ്പില്‍ ഒന്നുകൂടി കയറ്റാം എന്ന് കടുപ്പിച്ച് സി ഐ. സിഐയുടെ സ്വരം കനത്തതോടെ പ്രതിയായ രാജേഷ് ജോര്‍ജിന് എല്ലാം ഓര്‍മ്മ വന്നെന്നായി. ഇതോടെ വീണ്ടും പൊലീസ് സംഘം പാലാ ജനറല്‍ ആശുപത്രിയിലേക്ക്. അവിടെ എത്തി മെഡിക്കല്‍ പരിശോധനയില്‍ സ്വന്തം പേര് രാജേഷ് ജോര്‍ജ് എന്ന് ആണെന്ന് പ്രതി ഡോക്ടറോട് പറഞ്ഞു. ഇതോടെ ആ നടപടിയും പൂര്‍ത്തിയായി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.