ക്ലിമ്മീസ് ബാവ വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന് മുസ്ലിം സംഘടനകള്‍
സമൂഹത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ സമാധാന നീക്കവുമായി മതമേലധ്യക്ഷന്മാര്‍. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ആണ് നിര്‍ണായക നീക്കം നടത്തിയത്. ഇന്നു വൈകിട്ട് പട്ടം ബിഷപ്പ് ഹൗസില്‍ മത നേതാക്കളുടെ യോഗം ചേരും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, ലത്തീന്‍ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം , സി എസ് ഐ സഭ ബിഷപ്പ് ധര്‍മ്മരാജ് റസാലം എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന.
എന്നാല്‍ ക്ലിമ്മിസ് ബാവ വിളിച്ച മത സാമുദായിക സംഘടനകളുടെ യോഗത്തില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത എ.പി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് ഇവര്‍. അല്ലെങ്കില്‍ വിദ്വേഷ പരാമര്‍ശം ബിഷപ്പ് പിന്‍വലിക്കണം. അല്ലാതെ മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് സംഘടനകള്‍. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായതോടെ സര്‍വ്വകക്ഷിയോഗമോ, മത നേതാക്കളുടെ യോഗമോ വിളിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മത നേതാക്കള്‍ തന്നെ നിര്‍ണായക നീക്കം നടത്തിയത്. വര്‍ഗീയ ഏറ്റുമുട്ടലുകളില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാര്‍ ആകുന്നു എന്ന ആരോപണം നിലനില്‍ക്കയാണ് ഈ യോഗം ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്. മത സംഘര്‍ഷ വിഷയങ്ങളില്‍ നേരത്തെതന്നെ നിര്‍ണായക ഇടപെടലുകള്‍ നടത്താറുള്ള വ്യക്തിയാണ് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമീസ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിന്റെ നീക്കം സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനക്ക് പിന്നാലെ, പ്രകോപനപരമായ പല നീക്കങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വ്വമായി ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നു. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് ഇടപെടുന്നില്ല എന്ന പരാതിയും വ്യാപകമായിരുന്നു.