ഓണം ബമ്പറിന്റെ 12കോടി ദുബായ്ക്കാരന്‍ സെയ്തലവിക്കല്ല ; വീണ്ടും ട്വിസ്റ്റ്
തിരുവോണം ബമ്പര്‍ ഒന്നാം സമ്മാന വിജയിയുടെ കാര്യത്തില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ്. ഫലം വന്നു ഏറെ നേരത്തെ സസ്‌പെന്‍സിനൊടുവില്‍ അവസാനം യഥാര്‍ത്ഥ വിജയിയെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. നേരത്തെ തനിക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചതെന്ന അവകാശ വാദവുമായി ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്ത് വന്നിരുന്നു. കേരള സര്‍ക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന് ദുബായിലെ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവി നേരത്തെ അവകാശപ്പെട്ടിരുന്നു. വയനാട് പനമരം സ്വദേശിയാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും ദുബായ് അബൂഹയിലെ ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന സെയ്തലവി അവകാശപ്പെട്ടിരുന്നു.
നാട്ടിലുള്ള സുഹൃത്ത് അഹമ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തതെന്നും ഇതിന് ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണില്‍ അയച്ച് തന്നിരുന്നുവെന്നും സെയ്തലവി പറയുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നതെന്നും സെയ്തലവി പറഞ്ഞിരുന്നു. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പറാണ് പ്രവാസിയായ വയനാട് സ്വദേശിക്കെന്ന വാര്‍ത്ത വന്നതോടെ തന്നെ, ടിക്കറ്റ് വിറ്റ തൃപ്പൂണിത്തുറ ഏജന്‍സി ഇതിന് സാധ്യതയില്ലെന്ന് അവകാശപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിലുള്ള ഏജന്‍സി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ചായിരുന്നു ആശയക്കുഴപ്പം. അതേസമയം, സെയ്തലവിയുടെ അവകാശ വാദം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
നേരത്തെ ഒമ്പതാം തിയ്യതി 5000 രൂപ അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും സമ്മാനം ലഭിച്ച ജയപാലന്‍ പറഞ്ഞു. കുറച്ച് കടമുണ്ട്. അത് തീര്‍ക്കണം. രണ്ട് സിവില്‍ കേസുണ്ട്. അതും തീര്‍ക്കണം. പിന്നെ മക്കളുണ്ട്. പെങ്ങള്‍മാര്‍ക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്ന് ജയപാലന്‍ പറയുന്നു. ആദ്യം പറഞ്ഞ് കേട്ടപ്പോള്‍ വിശ്വാസമായില്ലെന്ന് മകനും കണ്ണീരോട് പറയുന്നു. വീട് പണി കഴിഞ്ഞതോടെ കടത്തില്‍ മുങ്ങിയിരിക്കുകയായിരുന്നു. വലിയ ആശ്വാസവും ഭാഗ്യമാണ് ഈ ലോട്ടറിയെന്നും ജയപാലന്റെ അമ്മയും പറഞ്ഞു.