കേരളത്തിലെ സി ബി എസ് ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും
സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കുമെന്നു വാര്‍ത്തകള്‍. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനരാരംഭിക്കുക. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടികള്‍ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാന്‍ സ്വാഗതം ചെയ്തു.
സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.അതേസമയം ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഓണ്‍ലൈന്‍ പഠനകാലത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഫീസ് കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിയ്ക്കും.
സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിരുന്നില്ല. വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 1560 സിബിഎസ്ഇ സ്‌കൂളുകളാണുള്ളത്.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായത്. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും.