കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം ; മന്ത്രി സജി ചെറിയാന്‍

സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍ ഓഡിറ്റോറിയം തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്തഘട്ട ഇളവുകള്‍ക്കൊപ്പം പരിഗണിക്കുമെന്നും സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ടി.പി.ആര്‍. കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സെക്കന്റ് ഷോ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 15 ന് അടുത്ത് വരെ എത്തിയിരുന്നു. ഇത് അനുകൂല സാഹചര്യമാണ്.

തിയേറ്റര്‍ തുറക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി ഉടമകളുമായി മന്ത്രി ചര്‍ച്ച നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെക്കന്റ് ഷോ ഉള്‍പ്പെടെ നാല് ഷോകളും നടത്താനാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. സെക്കന്റ് ഷോ അനുവദിക്കാതെ തുറക്കാന്‍ താല്‍പര്യമില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ പ്രതിനിധി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കൂടുതല്‍ ഇളവുകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ മാസം അവസാനമെങ്കിലും തിയേറ്റര്‍ തുറക്കനുള്ള അനുമതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തിയേറ്റര്‍ സീറ്റുകളില്‍ 50 ശതമാനം പേരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രമാകും ആദ്യഘട്ടം അനുമതി ലഭിക്കുക. ഉത്സവ സീസണ്‍ അല്ലാത്തതിനാല്‍ പുതിയ റിലീസ് ചിത്രങ്ങള്‍ ലഭിക്കുമൊ എന്ന ആശങ്ക ഉണ്ട്. അനുമതി ലഭിച്ചാലും രണ്ടാഴ്ച എങ്കിലും മുന്നൊരുക്കത്തിന് സമയം വേണ്ടി വരുമെന്നും തീയറ്റര്‍ ഉടമകള്‍ പറയുന്നു.