പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന രണ്ടു വയസുള്ള ദലിത് ബാലന് 23,000 രൂപ പിഴ

പ്രതീകാത്മക ചിത്രം

കർണ്ണാടകയിലെ  കൊപ്പല്‍ ജില്ലയിലെ മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് ബാലനെതിരെ പിഴ ചുമത്തിയത്. ഈ മാസം നാലിനാണ് സംഭവം നടന്നത്. ദലിത് വിഭാഗത്തിലുള്ള രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 23000 രൂപയാണ് പ്രദേശത്തെ മേല്‍ ജാതിക്കാര്‍ പിഴ ചുമത്തിയത്.പിറന്നാള്‍ ദിവസം പിതാവിനൊപ്പം തൊഴാന്‍പോയ രണ്ടു വയസുകാരന്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതിനു പിറകെയാണ് വിഷയം ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്ന മേല്‍ജാതിക്കാര്‍ കുട്ടിക്കും കുടുംബത്തിനുമെതിരെ 23,000 രൂപ പിഴ ചുമത്തിയത്. അതേസമയം, സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം പൊലീസിനെയും സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയും ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. നാട്ടുകാര്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ കുറിച്ച് ബോധവത്ക്കരണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കിയി. എന്നാല്‍ ഇത്രയും പുരോഗമനമായ കാലത്തിലും നമ്മുടെ നാട്ടില്‍ ഇത്തരം ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് നാണക്കേടാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.