കണ്ണൂര്‍ ; ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇന്ന് രാവിലെ കണ്ണൂര്‍ ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു. പരിക്കേറ്റ കൊമ്പനാനയാണ് ചരിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കൊമ്പന്‍ മണിക്കൂറുകളോളം പുഴയിലെ വെള്ളത്തില്‍ ഇറങ്ങി നിന്നിരുന്നു. തുടര്‍ന്ന് ആറളം വനത്തിലേക്ക് മടങ്ങിയെങ്കിലും പുഴയിലേക്ക് കുറച്ചു കഴിഞ്ഞു തിരിച്ചെത്തി. ആറളം വന്യ ജീവി കേന്ദ്രത്തിന്റെ അതിര്‍ത്തിയിലുള്ള ചീങ്കണ്ണി പുഴയിലെ ചാത്തന്‍പാറ കയത്തിലാണ് ആനയെ കണ്ടെത്തിയിരുന്നത്.
ആനയുടെ പിന്‍ഭാഗത്തും ചെവിയിലും മസ്തകത്തിലുമായി മുറിവുകളുണ്ടായിരുന്നു. ആനക്കൂട്ടം തമ്മിലുണ്ടായ സംഘര്‍ഷത്തിലായിരിക്കാം ആനക്ക് പരിക്ക് പറ്റിയതെന്നാണ് നിഗമനം. രാവിലെ റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് ആന പുഴയില്‍ നിലയുറപ്പിച്ചതായി കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആനയെ കരയ്ക്ക് കയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടിരുന്നു.