ഈ വര്‍ഷം പുതിയ പ്ലസ് വണ്‍ ബാച്ചുകളില്ല , മലബാറിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

സാമ്പത്തിക ബാധ്യത കാരണം ഈ വര്‍ഷം പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ വേണ്ട എന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മലബാറിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ ഈ അധ്യയന വര്‍ഷം പുതിയ ബാച്ചുകള്‍ വേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഇക്കാര്യം തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയര്‍സെക്കന്‍ഡറി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍
ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൂര്‍ണ തോതില്‍ നേരിട്ട് ക്ലാസുകള്‍
നടത്തുന്നതിനുള്ള സാധ്യത ഉടനെയുണ്ടാകില്ലെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

സീറ്റ് കുറവുള്ള ജില്ലകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നും വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇനി അധികം ബാച്ച് എന്നത് സംസ്ഥാനത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിവിധ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖല ഉപമേധാവി കണ്‍വീനറായ ജില്ലാതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ മേധാവി അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്.

മലപ്പുറം ജില്ലയില്‍ മാത്രം 167 ബാച്ചുകള്‍ ആവശ്യമാണെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണവും പ്രവേശനവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചതോടെ ഇഷ്ട സ്‌കൂളിനും വിഷയ കോമ്പിനേഷനും വേണ്ടി വിദ്യാര്‍ഥികള്‍ അലയുമ്പോഴാണ് പുതിയ ബാച്ചുകള്‍ വേണ്ടെന്ന തീരുമാനം. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കാര്യങ്ങള്‍ നടത്തുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നതിനിടയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വരുന്നത്.