ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം ; കോഴിക്കോട്ട് രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട് : കുതിരവട്ടത്ത് ബ്യുട്ടി പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ച അനാശാസ്യ കേന്ദ്രം പൊലീസ് റെയിഡ് ചെയ്തു. സ്ഥാപന നടത്തിപ്പുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന നാച്വര്‍ വെല്‍നസ് സ്പാ ആന്‍ഡ് ബ്യുട്ടി ക്ലിനിക്കിലാണ് പൊലീസ് രാവിലെ പരിശോധന തുടങ്ങിയത്. മസാജിങ്ങിന്റെ മറവില്‍ സ്ഥാപനത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.
പരിശോധന നടക്കുമ്പോള്‍ സ്ഥാപനത്തിനകത്തുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ മൂന്ന് യുവതികളെയാണ് രക്ഷപ്പെടുത്തിയത്. സ്ഥാപനത്തിന്റെ മാനേജരും വയനാട് സ്വദേശിയുമായ വിഷ്ണു, മലപ്പുറം സ്വദേശി മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമകളായ ജിത്തു, ക്രിസ്റ്റി, ജെയ്ക് ജോസ് എന്നിവര്‍ ഇനി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് കോര്‍പ്പറേഷന്റെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് സിഐ പറഞ്ഞു. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നേരത്തെയും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.