സഹപ്രവര്‍ത്തയ്ക്ക് അശ്ലീല സന്ദേശം ; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി

പ്രമുഖ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമിയില്‍ നിന്നും പുറത്താക്കി എന്ന് റിപ്പോര്‍ട്ടുകള്‍. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ ചാനല്‍ പുറത്താക്കിയത്. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. പ്രമുഖ മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വിട്ടത്. പരാതിയുടെ പേരില്‍ വേണു ബാലകൃഷ്ണനെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരാതിക്കാരി ഉറച്ച് നിന്നതോടെ മാനേജ്‌മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ നിന്നാണ് വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ എത്തുന്നത്. നേരത്തെ മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വേണു ബാലകൃഷ്ണനും സഹോദരനും മാതൃഭൂമിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണന്‍ വീണ്ടും മാതൃഭൂമിയിലെത്തുന്നത്. എന്നാല്‍ ഇത് ആദ്യത്തെ സംഭവം അല്ല നേരത്തെയും വേണുവിന് എതിരെ രണ്ടു വട്ടം സമാനമായ പരാതി ഉയര്‍ന്നിരുന്നു. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നിട് ഇവര്‍ പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല.