ലൈംഗിക ബന്ധത്തിന് “നോ” പറഞ്ഞു കഞ്ചാവ് കടത്തുകാരെ കുടുക്കി ഇടപാടുകാരന്‍ ; അവസാനം എല്ലാവരും അകത്ത്

കഞ്ചാവ് കടത്തലിനു ശേഷം കടത്തുകാരിയായ സ്ത്രീ ലൈംഗിക ബന്ധത്തിന് നോ പറഞ്ഞതില്‍ രോഷം പൂണ്ട ഇടപാടുകാരന്റെ വൈരാഗ്യം കാരണം പിടിയിലായത് വന്‍ കഞ്ചാവ് കടത്തു സംഘം. തൃശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവന്‍തല വീട്ടില്‍ സനല്‍ (36) എന്നിവരാണ് അന്ന് പിടിയിലായത്. ഇവരുടെ ഫോണ്‍ വിളികളും മറ്റും പരിശോധിച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കടത്ത് ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്ന ഇരുവരും കഴിഞ്ഞ മാസം 30 ന് കുന്ദമംഗലത്താണ് പിടിയിലായത്. ചേവരമ്പലത്ത് രണ്ടു മാസമായി വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിലെ ബ്യൂട്ടീഷനായി ജോലി ചെയ്തിവുന്ന ലീന അവിടെ വെച്ചാണ് ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്. തൃശൂരില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്യുകയായിരുന്നു.

വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്‌സൈസിനോ സംശയത്തിന് അവസരം നല്‍കാതെ ഭാര്യ ഭര്‍ത്താക്കന്‍മാരെപോലെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ അഡ്വക്കേറ്റിന്റെ എംബ്ലം പതിച്ചിരുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ് ഇടപാടുകള്‍ക്ക് ശേഷം ഈ ഇടപാടുകാരന്‍ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനല്‍ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്‌തെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. ആ സംഭവത്തോടെ ലീനയോടും സനലിനോടും ശത്രുതയുണ്ടായ ആ ലഹരി ഇടപാടുകാരന്‍ തന്നെയാണ് പൊലീസിന് വിവരം കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോ കഞ്ചാവാണ് ഇവര്‍ വിതരണം ചെയ്തത്. പിടിയിലാകുമ്പോള്‍ 19 കിലോ കഞ്ചാവാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ കഞ്ചാവ് കടത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണകടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നികുതിയടക്കാതെ സ്വര്‍ണാഭരണങ്ങള്‍ കടത്തുന്ന സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.