ദൈവം നല്‍കിയ കഴിവ് സഞ്ജു പാഴാക്കുന്നു എന്ന് സുനില്‍ ഗവാസ്‌കര്‍

മലയാളി ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. ദൈവം നല്‍കിയ കഴിവ് സഞ്ജു പാഴാക്കുകയാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ശേഷമാണ് ഗവാസ്‌കറുടെ പ്രതികരണം. ഷോട്ട് സെലക്ഷന്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സഞ്ജു സ്‌കോറിംഗില്‍ സ്ഥിരത കണ്ടെത്തണം. അതിന് ആദ്യം ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

2015 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ആളാണ് സഞ്ജു. എന്നാല്‍ ഏകദിനത്തിലും ട്വന്റി-20യിലും വല്ലപ്പോഴും മാത്രമാണ് സഞ്ജു കളിച്ചത്. ഐപിഎല്ലില്‍ വമ്പന്‍ സ്‌കോറുകള്‍ നേടിയിട്ടുണ്ടെങ്കിലും അത് വല്ലപ്പോഴും ഒരു ഇന്നിംഗ്സായി ചുരുങ്ങിയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുള്ള ത്വര ചുരുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ദൈവം നല്‍കിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധത നിര്‍ണയിക്കുകയെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.