പിണങ്ങി പോയ കാമുകിയുടെ ഓര്‍മ്മയ്ക്ക് 666 ബലൂണ്‍ വീര്‍പ്പിച്ചു യുവാവ്
തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്ത് കഴിഞ്ഞ ദിവസം നിരനിരയായി കണ്ട ബലൂണുകള്‍ അത് വഴി യാത്ര ചെയ്തവര്‍ കണ്ടിട്ടുണ്ടാകും. എന്താണ് സംഭവം എന്ന് അന്വേഷിച്ചവര്‍ അറിഞ്ഞത് പിരിഞ്ഞു പോയ ഒരു പ്രണയ കഥയും. കഥയിലെ നായകനായ യുവാവ് ആണ് കളഞ്ഞിട്ട് പോയ കാമുകിയുടെ ഓര്‍മ്മയ്ക്ക് ഒറ്റയ്ക്ക് 666 ചുവന്ന ബലൂണുകള്‍ ഊതി നിറച്ചത് ആണ്. ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേന്ന്’ എന്നാണ് കാരണം അന്വേഷിച്ചവരോട് യുവാവ് പറഞ്ഞത്.
ഇന്നലെ രാവിലെയാണു ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ചു കെട്ടി. 666 ബലൂണുകള്‍ ഊതി നിറയ്ക്കാന്‍ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു. ബലൂണ്‍ കെട്ടിത്തീര്‍ന്നയുടന്‍ കക്ഷി സ്ഥലം വിടുകയും ചെയ്തു. പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുന്ന ഇക്കാലത്ത് ചുവന്ന ഹൃദയം പോലുള്ള ബലൂണുകള്‍ ഉയര്‍ത്തി വികാരം പ്രകടിപ്പിച്ച യുവാവ് ഇതുകൂടി പറഞ്ഞു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’ അതേസമയം 666 എന്നത് സാത്താന്റെ നമ്പര്‍ ആണ് എന്നും യുവാവ് കൃത്യമായി ഈ ദിസവം തന്നെ തിരഞ്ഞെടുത്തത് വേറെന്തോ ലക്ഷ്യം വെച്ചാണ് എന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റ്.