മോദിയുടെ ജന്മദിനത്തിലെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ ; കണക്കുകള്‍ വ്യാജമെന്ന് ആരോപണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തിയതിന്റെ കണക്കുകള്‍ വ്യാജമെന്ന് ആരോപണം. രണ്ടര കോടി ഡോസ് വാക്‌സിനാണ് അന്ന് നല്‍കിയതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. മോദിയുടെ ജന്മദിനത്തിന് മുന്‍പ് പ്രതിദിനം 70 ലക്ഷം ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തിരുന്നത്. സെപ്റ്റംബര്‍ 15 നും 16 നും ഓഫ്ലൈന്‍ ആയി രേഖപ്പെടുത്തിയ കണക്കുകള്‍ കൂടി പതിനേഴാം തീയതിയിലെ കണക്കായി അപ്ലോഡ് ചെയ്തതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കണക്കുകള്‍ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്‌സിനേഷന്‍ കണക്കുകള്‍ രേഖപ്പെടുത്താനുള്ള വെബ്സൈറ്റ് സെപ്റ്റംബര്‍ പതിനാറിന് പ്രവര്‍ത്തനരഹിതമായിരിക്കുമെന്നും അതിനാല്‍ കണക്കുകള്‍ ഓഫ്ലൈന്‍ ആയി രേഖപ്പെടുത്തണമെന്നും ബിഹാറിലെ വിവിധ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. സാധാരണ നിലയില്‍ വാക്‌സിനേഷന്‍ നടന്നിട്ടും ചില ജില്ലകളില്‍ ഈ മാസം 14 ,15 , 16 തീയതികളില്‍ കോവിന് വെബ്സൈറ്റില്‍ കണക്കുകള്‍ പൂജ്യമായാണ് കാണിച്ചത്. വാക്‌സിന്‍ എടുക്കാത്ത നിരവധി പേര്‍ക്ക് സെപ്റ്റംബര്‍ പതിനേഴിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ ആഗര്‍ മല്‍വാ സ്വദേശിയായ അശുതോഷ് ശര്‍മ്മയുടെ നാല് മാസം മുന്‍പ് മരിച്ചു പോയ മാതാവിനും വാക്‌സിന്‍ ലഭിച്ചതായി അന്ന് സന്ദേശം ലഭിച്ചിരുന്നു. റെക്കോര്‍ഡ് വാക്‌സിനേഷന്‍ വന്‍ നേട്ടമായി കണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് ആഘോഷിക്കുകയും ചെയ്തതിരുന്നു.