നടപടികള്‍ക്ക് സുതാര്യതയില്ല ; കെ- റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷ നേതാവ്
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ- റെയില്‍ സില്‍വര്‍ ലൈന്‍ അശാസ്ത്രീയമാണെന്നും കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും പറഞ്ഞ അദ്ദേഹം ബദല്‍ പദ്ധതിവേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, അതിവേഗ റെയിലടക്കം വന്‍കിട പദ്ധതികള്‍ക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നഷ്ടപരിഹാരം 50,000 എന്നത് അപര്യാപ്തമാണ്. പ്രായം നോക്കി അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമുദായിക ഐക്യത്തിന് ചര്‍ച്ചകള്‍ തുടരും. സംഘര്‍ഷം നീണ്ടു പോകട്ടെയെന്ന് സര്‍ക്കാരും സി.പി.എമ്മും ആഗ്രഹിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഭിന്നിപ്പ്. സര്‍വകക്ഷി യോഗം വിളിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് എന്തുകൊണ്ടെന്നറിയില്ല. പ്രശ്‌ന പരിഹാരത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.